ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കിയതിനെ പിന്നാലെ പാക് ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവർ അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്ക് കേന്ദ്രങ്ങൾ മാറ്റുന്നതായി റിപ്പോർട്ട്. രണ്ട് സംഘടനകളും തങ്ങളുടെ താവളങ്ങൾ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് (കെപികെ) മാറ്റുന്നതായി രഹസ്യാന്വേഷണ സ്ഥാപനത്തിന് ദൃശ്യങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട് ചെയ്തു. ഖൈബർ മേഖലയിലെ മൻസെഹ്‌റയിലുള്ള മർകസ് ഷോഹാദ-ഇ-ഇസ്ലാം എന്ന പരിശീലന കേന്ദ്രം ജെയ്‌ഷെ മുഹമ്മദ് വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സ്ഥലത്തെ ലോജിസ്റ്റിക്കൽ നിക്ഷേപത്തിലെ വർധനവും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.