തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ചേർത്തുവെന്ന് പറയുന്ന വോട്ടിൻ്റെ കണക്ക് വ്യാജമെന്ന് രാജീവ് ചന്ദ്രശേഖറിന് റിപ്പോർട്ട് ലഭിച്ചു. രണ്ട് ഏജൻസികൾ നടത്തിയ സർവെ റിപ്പോർട്ട് സംസ്ഥാന പ്രസിഡൻ്റ് രാജിവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയെ അറിയിച്ചു. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാൽ എങ്ങനെ മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.താഴെ തട്ടിൽ നിന്നും വരുന്ന വിവരങ്ങൾ വിശ്വസിക്കാനാവില്ല. ഈ പാർട്ടിയിൽ ആരെ വിശ്വസിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 30 ലക്ഷത്തോളം വോട്ടുകൾ സംസ്ഥാനത്ത് ആകെ ചേർക്കപ്പെട്ടപ്പോൾ ബിജെപിക്ക് വെറും 3 ലക്ഷത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ചേർക്കാൻ സാധിച്ചത്. ആറുലക്ഷത്തിൽപരം വോട്ടുകൾ ചേർത്തെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ അവകാശവാദം.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേമം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും അനൂപ് ആന്റണിക്കും ഷോൺ ജോർജിനും മാത്രമേ സീറ്റ് ഉറപ്പുള്ളൂവെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമത്തിൽ സംസ്ഥാന അധ്യക്ഷൻ തുടക്കം മുതൽ നടത്തിയ പരാമർശം പക്വതയില്ലാത്തതെന്നും കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.