സ്കൂട്ടർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടിവിഎസ് മോട്ടോർ രാജ്യത്തെ ഏറ്റവും വേഗതയേറിയ ഹൈപ്പർ സ്‌പോർട് സ്‌കൂട്ടറായ ടിവിഎസ് എൻടോർക്ക് 150 പുറത്തിറക്കിയിരിക്കുകയാണ്. 149.7 സിസി റേസ്-ട്യൂൺ ചെയ്ത എഞ്ചിനും സ്റ്റെൽത്ത് എയർക്രാഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുമായി എത്തുന്ന സ്കൂട്ടറിന് പുത്തൻ തലമുറ റൈഡറുമാരെ കൈയ്യിലെടുക്കാനുളള എല്ലാ സംവിധാനങ്ങളും കമ്പനി നൽകിയിട്ടുണ്ട്. സ്‌പോർട്ടി ലുക്ക് എടുത്തു കാണിക്കുന്ന ഡിസൈൻ കട്ടിംഗ്-എഡ്ജ് ടെക്നോളജി എന്നിവയെല്ലാം ലഭിക്കുന്ന സ്കൂട്ടറിൻ്റെ എക്സ്ഷോറൂം വില 119,000 രൂപയാണ്. മൾട്ടിപോയിന്റ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, നിറമുള്ള അലോയ് വീലുകൾ, സിഗ്നേച്ചർ മഫ്‌ളർ നോട്ട് എന്നിവ അതിന്റെ റേസിംഗ് വേരിയൻ്റിനെ കൂടുതൽ എടുത്തുകാണിക്കുന്നു.
    അതിനൊപ്പം തന്നെ അലക്‌സ, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ലൈവ് ട്രാക്കിംഗ്, നാവിഗേഷൻ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ അമ്പതിൽ പരം സ്മാർട്ട് സവിശേഷതകളുള്ള ഒരു ഹൈ-റെസ് ടിഎഫ്‌ടി ക്ലസ്റ്റർ ആണ് സെഗ്മെൻ്റിലെ ഏറ്റവും മികച്ച സ്കൂട്ടറാക്കി എൻടോർക്കിനെ മാറ്റുന്നത്. ടിവിഎസ് എൻടോർക്ക് 150 തങ്ങളുടെ എല്ലാ റൈഡർമാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ പഠിച്ച് പ്രചോദനം ഉൾക്കൊണ്ടതാണെന്നും, ഇത് ഞങ്ങളുടെ സ്കൂട്ടർ പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇന്ത്യ ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞത്.
പവർട്രെയിനിലേക്ക് വന്നാൽ ടിവിഎസ് എൻടോർക്ക് 150 ന് കരുത്തേകുന്നത് 149.7 സിസി, എയർ-കൂൾഡ്, O3CTech എഞ്ചിൻ ആണ്, ഇത് 7,000 rpm-ൽ 13.2 bhp കരുത്തും 5,500 rpm-ൽ 14.2 Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. വെറും 6.3 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കുകയും മണിക്കൂറിൽ 104 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന സ്കൂട്ടർ സെഗ്മെൻ്റിലെ തന്നെ ഏറ്റവും വേഗതയേറിയ സ്കൂട്ടറാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസൈൻ വശം നോക്കിയാൽ സ്റ്റെൽത്ത് എയർക്രാഫ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ടിവിഎസ് എൻടോർക്ക് 150-ൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ടെയിൽ ലാമ്പുകൾ, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, സിഗ്നേച്ചർ സൗണ്ട് ഉള്ള സ്റ്റബ്ബി മഫ്‌ളർ, നേക്കഡ് ഹാൻഡിൽബാർ, കളേർഡ് അലോയ് വീലുകൾ എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഉൾപ്പെടുന്നു. സ്കൂട്ടറിൻ്റെ എയറോഡൈനാമിക് കാര്യക്ഷമതയ്ക്കും വേഗതയ്ക്കും വേണ്ടി ഡിസൈൻ ചെയ്ത ആരോഹെഡ് ഫ്രണ്ട് വാഹനത്തെ കൂടുതൽ ഭംഗിയാക്കുന്നുണ്ട്.