രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. ഈ ചെറുദ്വീപ് എങ്ങനെയാണ് ശ്രീലങ്കയുടെ അധീനതലയി? ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വീണ്ടും ഈ വിഷയം ഉയർന്നു വന്നിരിക്കുകയാണ്. എന്താണ് കച്ചത്തീവ് വീണ്ടും ഉയർന്നുവരാനുണ്ടായ കാരണം. ഇന്ത്യക്ക് എങ്ങനെയാണ് കച്ചത്തീവ് സുപ്രധാന മേഖലയാകുന്നത്. 1974ൽ ആണ് കച്ചത്തീവ് ശ്രീലങ്കയുടേതാകുന്നത്.
അഴുക്കു നിറഞ്ഞ പ്രദേശം എന്ന് അർത്ഥം വരുന്ന കച്ചയിൽ നിന്നാണ് കച്ചദ്വീപ് അഥവാ കച്ചത്തീവ് എന്ന പേര് ലഭിക്കുന്നത്. ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജാവിന്റെ കൈവശമായിരുന്നു ആദ്യകാലത്ത് ഈ ദ്വീപ്. പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായി. 1956-ൽ കച്ചത്തീവിനു മേൽ അന്നത്തെ സിലോൺ ഗവണ്മെന്റ് അവകാശമുന്നയിച്ച് രംഗത്തെത്തി. പ്രാചീന ഭൂപടത്തിൽ വരെ കച്ചത്തീവ് ഭാഗമായിരുന്നു എന്ന് സിലോൺ ഗവൺമെന്റ് വാദിച്ചു. 1968 ൽ ഇന്ത്യ സമുദ്രാതിർത്തി 20 കി മീ ആക്കി വർദ്ധിപ്പിച്ചതോടെയാണ് കച്ചത്തിവ് പ്രശ്നം സജീവമാകുന്നത്.