താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ അടർന്നു വീഴുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. വയനാട് ലക്കിടിയിലും താമരശ്ശേരി അടിവാരത്തും നിരവധി യാത്രാക്കാർ രാവിലെ മുതൽ കുടുങ്ങികിടക്കുകയാണ്. ലക്കിടി റോഡ് പൂർണമായി അടച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് തന്നെയാണ് മണ്ണും കല്ലും റോഡിലേക്ക് വീഴുന്നത്.