ഇരുപത് വർഷംമുമ്പ് കേരളത്തിൽ അങ്ങിങ്ങായി കൃഷി ചെയ്തിരുന്ന പഴവർഗവിളയായ ഫിലോസാന് പ്രചാരമേറുകയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന ഫിലോസാൻ ഇവിടെയും നന്നായി വളരും. പത്തനംതിട്ട, കോട്ടയം, തൃശൂർ തുടങ്ങിയ ജില്ലകളിൽ ധാരാളമായി കാണാം. ഫിലോസാൻ എന്നും പുലാസാൻ എന്നും ഫിലിപ്പീൻസുകാർ ബുലാലയെന്നും വിളിക്കുന്ന വിളയുടെ ജന്മദേശം മലേഷ്യയാണ്. സാപിൻഡേസിയ സസ്യകുടുംബത്തിൽപ്പെടുന്ന വിളയുടെ സസ്യശാസ്ത്രനാമം നെഫേലിയം മ്യൂട്ടാബിലി എന്നാണ്. കാഴ്‌ചയിൽ റംബൂട്ടാനോട് സാമ്യമുണ്ട്. കടും ചുവപ്പുനിറത്തിലും ഇളം ചുവപ്പുനിറത്തിലുമുള്ള രണ്ടിനങ്ങളുണ്ട്. നീർവാർച്ചയുള്ളതും ജൈവാംശമേറിയതുമായ മണ്ണിൽ ഫിലോസാൻ കൃഷി ചെയ്യാം. ജൈവവളങ്ങളോടാണ് ചെടിക്ക് പ്രിയം കൂടുതൽ. എട്ട് മുതൽ പത്ത് മീറ്റർവരെ അകലത്തിൽ രണ്ടടി സമചതുരത്തിൽ കുഴികളെടുത്ത് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഉണക്ക് ചാണകപ്പൊടി എന്നിവ മേൽമണ്ണുമായി കൂട്ടിച്ചേർത്ത് കുഴികൾ മൂടിയശേഷം തൈകൾ നടാം. നടീലിനായി വശംചേർത്ത് ഒട്ടിച്ച ഒട്ടുതൈകൾതന്നെ ഉപയോഗിക്കണം. വിത്തു തൈകളിൽ ആൺ, പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. വർഷത്തിൽ രണ്ടു മൂന്ന് തവണ ജൈവവളങ്ങളൾ ചേർക്കണം. നന്നായി പരിപാലിച്ചാൽ മൂന്നുമുതൽ അഞ്ചു വർഷത്തിനകം കായ്ചു തുടങ്ങും. പഴങ്ങൾ മഞ്ഞയോ ചുവപ്പോ നിറമാകുമ്പോൾ വിളവെടുക്കാം. ഒരു കുലയിൽ പത്തുമുതൽ 25 കായകൾവരെ കാണും. ഒരു മരത്തിൽനിന്ന് ആറായിരം കായകൾവരെ ലഭിക്കും.
    രുചികരവും പോഷക സമൃദ്ധവുമാണ്. വിറ്റാമിൻ സി, കാൽസ്യം, മാംസ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്സ് എന്നിവ ധാരാളമുണ്ട്. ജാം, ഐസ് ക്രീം എന്നിവയിൽ രുചി വർധനയ്‌ക്ക് പഴം ഉപയോഗിക്കുന്നു.