ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദര്‍ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. ബജ്‌റംഗ്ദള്‍ നേതാവായ ജ്യോതി ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ പരാതി കിട്ടിയിട്ട് പോലും പൊലീസ് കേസെടുക്കാന്‍ വൈകുന്നു എന്നാണ് വിവരം.ഓര്‍ച്ച പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഓര്‍ച്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായണ്‍പൂര്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നു.
അതേസമയം, കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം. കേസ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റിലും ഉന്നയിയിക്കും.
    മനുഷ്യക്കടത്ത് എന്ന ഷെഡ്യൂള്‍ഡ് കുറ്റം ചുമത്തിയതോടെയാണ് കന്യാസ്ത്രീമാര്‍ക്കെതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് എത്തിയത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ ഇനി കേസ് അന്വേഷിക്കേണ്ടത് എഐഎ ആണെന്നും പറയുന്നു. പക്ഷെ കേസ് എന്‍ഐഎയ്ക്ക് വിടുന്നതിനായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. എന്‍ഐഎ നിയമത്തിലെ ആറാം വകുപ്പില്‍ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്‍ഐഎയ്ക്ക് കൈമാറേണ്ട കേസിനെക്കുറിച്ച് ആദ്യം സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് വിവരം നല്‍കണം. അവിടെ കൗണ്ടര്‍ ടെററിസം ആന്റ് റാഡിക്കലൈസേഷന്‍ ഡിവിഷന്‍ കേസെടുക്കാന്‍ 15 ദിവസത്തിനകം ഉത്തരവിറക്കണം. ഇതൊന്നും കന്യാസ്ത്രീമാരുടെ കേസില്‍ സംഭവിച്ചില്ല. കേന്ദ്രാനുമതിയില്ലാതെ എടുക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍കാല വിധികളില്‍ വ്യക്തമാണ്. മനുഷ്യകടത്ത് നടന്നിട്ടില്ലെന്ന് പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തില്‍ പ്രാഥമികമായ തെളിവുകള്‍ പോലും കേസില്‍ ഇല്ല . എന്നിട്ടും പന്ത് എന്‍എയുടെ കോര്‍ട്ടിലേക്ക് എത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്.