ചെയ്യുന്ന ജോലിക്ക് നാട്ടിലെങ്ങുമില്ലാത്ത അത്യാകര്‍ഷകമായ കൂലി കിട്ടുമെങ്കില്‍ ജോലിയില്‍ കുറച്ച് റിസ്‌കൊക്കെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഗസ്സയിലെ ചില പൊളിക്കല്‍ പണിക്കായി ആളെ തേടുമ്പോള്‍ ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്ന ഓപ്ഷനുകള്‍ രണ്ടാണ്. ഒന്നുകില്‍ റിസ്‌ക് പേടിച്ച് ഗസ്സയിലേക്ക് പോകാതിരിക്കാം. അല്ലെങ്കില്‍ കീശ നിറയെ പൈസയും വാങ്ങി ഗസ്സയില്‍ പോയി ജോലി ചെയ്യാം. യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ ഗസ്സയിലെ അവസാന കെട്ടിടങ്ങളും പൊളിച്ചടുക്കുകയാണ് വന്‍ പാരിതോഷികം ലഭിക്കുന്ന ഈ വിശേഷപ്പെട്ട ജോലി. ഗസ്സ നഗരത്തിന്റെ ശവപ്പെട്ടിയിലേക്ക് അവസാന ആണിയും അടിച്ചുകയറ്റുന്ന ജോലി. ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗസ്സയിലെ മനുഷ്യര്‍ കെട്ടിപ്പൊക്കിയതെല്ലാം പൊളിച്ചുപൊളിച്ച് ഒടുവില്‍ ഗസ്സയെ മരുപ്പറമ്പാക്കുന്ന ജോലി. പണത്തിനും മേലെയാണ് ഗസ്സയിലെ കെട്ടിടങ്ങള്‍ പൊളിച്ചടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയെന്ന് ഇസ്രയേല്‍ പത്രം ഹാരേറ്റ്‌സിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് ചില തൊഴിലാളികള്‍. ഇത് കേവലം പണത്തിനുവേണ്ടിയല്ല ഞങ്ങളുടെ പകപോക്കല്‍ കൂടിയാണെന്ന് പറയുന്നു കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയവര്‍. കെട്ടിടം പൊളിച്ച് പണമുണ്ടാക്കാന്‍ ഗസ്സയിലേക്ക് അനുദിനം ഇസ്രയേല്‍ പൗരന്മാരെത്തുന്നുണ്ട്.
    പണവും ഗഡ്‌സും കുറച്ച് പകയും കൂടിയുണ്ടെങ്കില്‍ കെട്ടിടം പൊളിക്കല്‍ വേലയില്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും. ഹാരെറ്റ്‌സിനോട് ഒരു തൊഴിലാളി പറയുന്ന കണക്കുകള്‍ നോക്കാം. നിങ്ങള്‍ക്ക് ഒരു 7 ലക്ഷം ഷെക്കല്‍ ഒപ്പിക്കാന്‍ പറ്റുമെന്ന് കരുതുക. ഈ പൈസ കൊണ്ട് സുഖമായി നിങ്ങള്‍ക്കൊരു എക്‌സ്‌കവേറ്റര്‍ വാങ്ങാന്‍ പറ്റും. ഇത് ഗസ്സയിലെ പൊളിക്കല്‍ വേലകള്‍ക്ക് നല്‍കിയാല്‍ ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്ക് ദിവസം 5000 ഷെക്കല്‍ നല്‍കും. ഇതില്‍ 1000 ഷെക്കല്‍ ആ ഉപകരണം ഓപ്പറേറ്റ് ചെയ്യുന്നയാള്‍ക്ക് നല്‍കണം. ബാക്കി കിട്ടുന്നത് മൊത്തം ലാഭമായിരിക്കും.