മഞ്ചേരി: വാഹനപരിശോധനക്കിടെ കനറാ ബാങ്ക് എടിഎമ്മിലേക്ക് പണവുമായി പോകുകയായിരുന്ന വാനിലെ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് പോലീസുകാരന്‍. മലപ്പുറം വാറങ്ങോട് ചപ്പങ്ങക്കാട്ടില്‍ ജാഫറിനാണ് മര്‍ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഡ്രൈവര്‍ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് താത്കാലികമായി സ്ഥലംമാറ്റി.
    വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കച്ചേരിപ്പടി ബഡ്ജറ്റ് സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുവെച്ചായിരുന്നു സംഭവം. പോലീസ് കൈകാണിച്ചപ്പോള്‍ ജാഫര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിവന്നു. കാക്കി യൂണിഫോം ധരിച്ചില്ലെന്ന കാരണത്താല്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ ഫൈന്‍ അടിച്ചുകൊടുത്തു. 250 രൂപ പിഴയടയ്ക്കാമെന്നും 500 രൂപ അടയ്ക്കാനാകില്ലെന്നും ജാഫര്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്നായിരുന്നു മര്‍ദനം.