മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ അവശേഷിച്ച അവസാനത്തെ നേതാവാണ് യാത്രയായിരിക്കുന്നത്. സംഭവബഹുലമായൊരു പൊതുവീതമായിരുന്നു വി.എസ്സിന്റേത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ ചരിത്രം കൂടിയായി അതു മാറുന്നു.
   
വി എസ് എന്ന രണ്ടക്ഷരം ഒരു കാലത്തിന്റെ അടയാളം കൂടിയാണ്. ജീവിതത്തിലും രാഷ്ട്രീയത്തിലും കനല്‍വഴിതാണ്ടിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. 100 വര്‍ഷം, വി എസ് നടന്നുതീര്‍ത്തത് അത്രയൊന്നും സുഖകരമായൊരു വഴിയായിരുന്നില്ല. പോരാട്ടങ്ങളിലൂടെ നായകനും പ്രതിനായകനുമായി മാറിയ നേതാവായിരുന്നു വി എസ്.
കേരളത്തില്‍ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ചരിത്രത്തിനാണ് ഇന്നലെ തിരശ്ശീലവീണത്. മുന്‍മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷനേതാവുമൊക്കെ ആവുന്നത് ആ യാത്രയുടെ ഏതാണ്ട് അവസാന കാലത്തായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. എന്നും കാര്‍ക്കശ്യക്കാരനായിരുന്നു വി എസ്. വിട്ടുവീഴ്ചയും വീഴ്ചയും വി എസിന്റെ നിഘണ്ഠുവില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം മുഴുവന്‍. തിരുത്തല്‍ സ്വന്തം പാര്‍ട്ടിയിലും വേണമെന്ന് ആഗ്രഹിച്ച ജനകീയന്‍. സാധാരണക്കാരായിരുന്നു വി എസിന്റെ ആരാധകര്‍. സാധാരണക്കാരന്റെ ജീവിതത്തെയാണ് എന്നും വി എസ് അഡ്രസ് ചെയ്തിരുന്നത്.