രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജുകള്‍ കേന്ദ്രീകരിച്ചുള്ള സ്‌പോര്‍ട്‌സ് ലീഗിന് കേരളം ആതിഥേയരാകും. കോളജ് സ്‌പോര്‍ട്‌സ് ലീഗ്-കേരള (സിഎസ്എല്‍-കെ) ആദ്യ സീസണ്‍ ഈ മാസം 18 മുതലാണ് ആരംഭിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്.
യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോര്‍ട്‌സ് ലീഗുകളുടെ മാതൃകയിലാണ് പോരാട്ടങ്ങള്‍. ഉദ്ഘാടന സീസണില്‍ ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പ്രത്യേക ലീഗ് മത്സരങ്ങള്‍ നടത്തും. വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, കബഡി തുടങ്ങിയ കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്ത് ലീഗ് വിപുലീകരിക്കാനാണ് ആലോചന.
   
ജൂലൈ 17 മുതല്‍ 26 വരെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ എല്ലാ യുജിസി അംഗീകൃത കോളജുകളില്‍ നിന്നുമുള്ള 60 ടീമുകള്‍ ഇതില്‍ പങ്കെടുക്കും.