പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് ഡ്യൂട്ടിയും പാന്‍ മസാലയ്ക്ക് പ്രത്യേക ആരോഗ്യ സെസ്സും ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ പുകയില കമ്പനികള്‍ക്ക് വന്‍ തകര്‍ച്ച. ഫെബ്രുവരി 1 മുതല്‍ പുതിയ നികുതി ഘടന നിലവില്‍ വരുമെന്ന് ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു വ്യാപാരം ആരംഭിച്ചത് മുതല്‍ പുകയില ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. പ്രമുഖ കമ്പനിയായ ഐടിസിയുടെ ഓഹരി വില 9.2 ശതമാനം ഇടിഞ്ഞപ്പോള്‍ ഗോഡ്‌ഫ്രെ ഫിലിപ്സ് 14.1 ശതമാനം തകര്‍ച്ച നേരിട്ടു. കേന്ദ്ര ധനമന്ത്രാലയം പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രഖ്യാപിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐടിസി ഓഹരി നിക്ഷേപകര്‍ക്ക് 50,000 കോടി രൂപയയുടെ നഷ്ടമാണ് ഉണ്ടായത്.