ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രസംഗം ഇന്ന്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നെതന്യാഹുവിന്‍റെ പ്രസംഗം നടക്കുക. ഇന്നത്തെ ആദ്യത്തെ പ്രാസംഗികനായിരിക്കും ഇസ്രയേൽ പ്രധാനമന്ത്രിയെന്ന് യു എൻ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കവും കൂട്ടക്കുരുതിയും തുടരുന്നതിൽ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ ലോകരാഷ്ട്രങ്ങളോട് പലസ്തീൻ ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ തന്നെ ഇന്നത്തെ പ്രസംഗം ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്നാണ് പലസ്തീൻ വിവിധ രാജ്യങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പലസ്തീൻ പ്രതിനിധികൾ വിവിധ രാജ്യങ്ങൾക്ക് കത്തും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇത് ആഗോള തലത്തിൽ തന്നെ വലിയ തോതിൽ ശ്രദ്ധയും നേടിയിരുന്നു. എന്നാൽ പലസ്തീൻ നീക്കത്തെ പ്രതിരോധിക്കാൻ ഇസ്രയേലും പരിശ്രമം ശക്തമാക്കിയിട്ടുണ്ട്. നെതന്യാഹുവിന്‍റെ പ്രസംഗം ആഘോഷമാക്കാനാണ് ഇസ്രയേലിന്‍റെ ശ്രമം.