യാത്രകളെ അവിസ്മരണീയമാക്കി മാറ്റുന്നത് അനുഭവങ്ങളും അതിനൊപ്പം മനോഹരമായ കാഴ്ചകളുമാണ്. പച്ചയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും ആനന്ദം നൽകുമെന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടാകുന്നവർ വിരളമായിരിക്കും. അത്തരമൊരു മോഹിപ്പിക്കുന്ന കാഴ്ചയെ ചിത്രമാക്കി പങ്കുവച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. യുഎസിലെ ഷാർലെറ്റിൽ നിന്നുമുള്ളതാണ് ആ സുന്ദര ദൃശ്യം. ചുറ്റിലും വൻവൃക്ഷങ്ങളും അവ സമ്മാനിച്ച പച്ചനിറവും. ഒറ്റ നോട്ടത്തിൽ തന്നെ ആരുടേയും മനസ്സ് കീഴടക്കുന്ന സൗന്ദര്യം. കൂടെ മനോഹരമായ ചിരിയുമായി അമൃതയുമുണ്ട്. യുഎസിലെ നോർത്ത് കരോലിന സംസ്ഥാനത്തെ ഒരു പ്രശസ്ത നഗരമാണ് ഷാർലെറ്റ്. നഗര ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നാൽ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ കാണുവാൻ കഴിയും. ഷാർലെറ്റിൽ എത്തിയാൽ പലതരത്തിലുള്ള വിനോദങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്. ബോജാംഗിൾസ് എന്റർടൈൻമെന്റ് കോംപ്ലെക്‌സിലും ബെൽക് തീയേറ്ററിലും ലൈവ് ഷോകളും ലോക പ്രശസ്ത ബാൻഡുകളുടെ മ്യൂസിക് കോൺസെർട്ടുകളും കാണുവാൻ കഴിയും. അപ്‌ടൗൺ ഷാർലെറ്റിൽ അതിഥികൾക്ക് സന്ദർശിക്കുന്നതിനായി നിരവധി മ്യൂസിയങ്ങളുണ്ട്. ബെച്ച്ലർ മ്യൂസിയം, മിന്റ് മ്യൂസിയം, ഹാർവേ ബി എന്നിവ അതിൽ ചിലതു മാത്രം. ഗാന്റ് സെന്റർ ഫോർ ആഫ്രിക്കൻ - അമേരിക്കൻ ആർട്സ് + കൾചറിൽ എത്തിയാൽ പ്രാദേശിക കലാകാഴ്ചകൾ ആസ്വദിക്കാം.