തിരുവനന്തപുരം: ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു സ്മാർട്ട്‌ഫോൺ എന്നത് കോളുകൾ ചെയ്യാനുള്ള വെറുമൊരു ഉപകരണം മാത്രമല്ല. അതിൽ ബാങ്ക് അക്കൗണ്ടുകൾ, ഫോട്ടോകൾ, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈയിൽ നിന്ന് ഫോൺ ആരെങ്കിലും തട്ടിയെടുക്കുക എന്നത് അത്യന്തം അപകടകരമായ ഒരു കാര്യമായിരിക്കും. ഉപയോക്താക്കളുടെ ഈ ഭയം ഇല്ലാതാക്കാൻ എഐയുടെ സഹായത്തോടെ ഗൂഗിൾ ഒരു മാന്ത്രിക പരിഹാരം ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.ആൻഡ്രോയ്‌ഡ് 16 ഉം അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്‍മാർട്ട്‌ഫോണുകൾക്കായി തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചറുകൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ. ഫോൺ മോഷണത്തിന് മുമ്പും മോഷണത്തിനിടയിലും ശേഷവുമുള്ള ഡാറ്റ പരിരക്ഷ ആന്‍ഡ്രോയ്‌ഡിലെ ഈ പുതിയ അപ്‌ഡേറ്റ് മെച്ചപ്പെടുത്തും. ഇത് മോഷ്‌ടിച്ച ഫോൺ ഉപയോഗിക്കുന്നത് മോഷ്‍ടാക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടാക്കും എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. ഇത് ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഫോൺ വളരെ എളുപ്പം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അവരെ അനുവദിക്കുകയും ചെയ്യും.