കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിൽ ഒരു പ്രധാന മാറ്റം പരീക്ഷിക്കുന്നു. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്‌ടാഗുകൾ മാത്രം എന്ന പരിധി അവതരിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോർട്ടുകൾ. 2011 മുതൽ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്ന് ഒരു സുപ്രധാന മാറ്റമാണിത്. ഒരു പോസ്റ്റിൽ മൂന്നിൽ കൂടുതൽ ഹാഷ്‌ടാഗുകൾ ചേർക്കുമ്പോൾ ഒരു എറർ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചർ നിലവിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളിൽ ഹാഷ്‌ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്‌ഫോമിൽ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്. ഈ പരീക്ഷണത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്‍താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ.