തൃശൂര്‍ അതിരപ്പിള്ളി മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീരന്‍കുടി ഉന്നതിയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. (leopard attacked four year old boy in Malakkappara)
    വനാതിര്‍ത്തിയോട് ചേര്‍ന്ന് തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത്. രാത്രി രണ്ട് മണിയോടെയാണ് സംഭവം. പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതുകണ്ട് രക്ഷിതാക്കള്‍ നിലവിളിച്ചു. ബഹളം കൂടിയതോടെ കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പുലി മടങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.ബേബി-രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കുകളുണ്ട്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് ഈ കുടുംബം കഴിഞ്ഞുവരുന്നത്. വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊലപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ മറ്റൊരു ആക്രമണവുമുണ്ടായിരിക്കുന്നത്.