ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ഓസ്ട്രേലിയ എക്കെതിരെയാ രണ്ട് ദ്വിദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത് ബിസിസിഐ. ഈ മാസം 16ന് ലക്നൗവിലാണ്ണ് ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യയുടെ ആദ്യ ദ്വിദിന മത്സരം തുടങ്ങുന്നത്. സെപ്റ്റംബര്‍ 23നാണ് രണ്ടാം മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ സീനിയര്‍ ടീമില്‍ കളിച്ച പ്രമുഖരെല്ലാം എ ടീമില്‍ ഇടം നേടിയെങ്കിലും ഇംഗ്ലണ്ടില്‍ കളിച്ച കരുണ്‍ നായരെ എ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി.
    സായ് സുദര്ശന്, ധ്രുവ് ജുറെല്‍, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരൻ എന്നിവരെല്ലാം ഓസ്ട്രേലിയ എക്കെതിരായ മത്സരത്തിനുള്ള ടീമിലുണ്ട്. ധ്രുവ് ജുറെലാണ ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ ഹര്‍ഷ് ദുബെ, ആയുഷ് ബദോണി, തനുഷ് കൊടിയാന്‍, മാനവ് സുതാര്‍ എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച കെ എല്‍ രാഹുലും മുഹമ്മദ് സിറാജും ആദ്യ മത്സരത്തിനുള്ള ടീമിലില്ലെങ്കിലും രണ്ടാം മത്സരത്തിനുള്ള ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡി എ ടീമില്‍ തിരിച്ചെത്തി. പരിക്കുള്ള സര്‍ഫറാസ് ഖാനെ ടീമിലേക്ക് പരിഗണിച്ചില്ല.