വെബ് ഡെസ്ക്
March 25, 2025, 12:52 p.m.
    അബുദാബി ∙ പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും തിരിച്ചടിയായി വിമാന നിരക്കിൽ വൻ വർധന. യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ് വർധന. അവധി അടുക്കുംതോറും നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ നൽകുന്ന സൂചന.
    ഫെബ്രുവരിയിൽ ദുബായിൽനിന്ന് കൊച്ചിയിൽ പോയി വരാൻ ഒരാൾക്ക് 14,000 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 45,000 രൂപയ്ക്കു മുകളിലാണ്. നാലംഗ കുടുംബത്തിന് പോയിവരാൻ ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ രൂപയാകും.നാട്ടിൽ വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതോടെ ഗൾഫിലേക്ക് പ്രവാസി കുടുംബങ്ങൾ എത്തിത്തുടങ്ങും. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 32,000 രൂപയാണ് ഒരാൾക്ക് വൺവേ നിരക്ക്.