മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം പല കുടുംബങ്ങളും നാട്ടിൽ കുടുങ്ങിയതുകൊണ്ടാണ് വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാതിരുന്നത്. വിമാന നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന ഇവരിൽ പലരും യുഎഇയിൽ എത്താൻ രണ്ടോ മൂന്നോ ആഴ്ചകൾ എടുക്കും. അതുവരെ പഠനം നഷ്ടപ്പെടുന്ന വേവലാതിയിലാണ് മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾ.
    ഇന്ത്യൻ സ്കൂളുകൾ രണ്ടാംപാദ പഠനച്ചൂടിലേക്കാണ് കുട്ടികളെ സ്വീകരിച്ചത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്കാണ് വാതിൽ തുറന്നത്. യുഎഇയിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 11 ലക്ഷത്തിലേറെ വിദ്യാർഥികളുണ്ട്. ചോക്കലേറ്റും ബലൂണും സമ്മാനങ്ങളും നൽകിയാണ് നവാഗതരെ സ്കൂളുകൾ വരവേറ്റത്.