റിയാദ്: സൗദി അറേബ്യയിലെ ബാങ്കിങ്, പേയ്മെൻറ് സേവനങ്ങളുടെ ഫീസുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമായ ഈ പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ നിലവിൽ വരും.റിയൽ എസ്റ്റേറ്റ് ഇതര വായ്പകൾക്ക് ഈടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഫീസുകളിലാണ് പ്രധാനമായും കുറവ് വരുത്തിയിരിക്കുന്നത്. മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം അല്ലെങ്കിൽ പരമാവധി 5,000 റിയാൽ വരെ ഈടാക്കിയിരുന്ന ഫീസ്, ഇനി മുതൽ 0.5 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 റിയാലായി കുറയും. ഉപഭോക്തൃ വായ്പകൾക്കും വാഹന വായ്പകൾക്കും ഇത് വലിയ ആശ്വാസമാകും.
ഇതിനുപുറമെ, ‘മദാ’ കാർഡ് (എ.ടി.എം) സേവനങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലിൽനിന്ന് 10 റിയാലായി കുറച്ചു. അന്താരാഷ്ട്ര ഇടപാട് ഫീസ്, ഇടപാട് തുകയുടെ രണ്ട് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മദാ കാർഡുകൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണം പിൻവലിക്കലുകൾ (ഗൾഫ് ഒഴികെ) ഇടപാട് മൂല്യത്തിന്റെ മൂന്ന് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പരമാവധി 25 റിയാലായിരിക്കും.