ടയർ പഴഞ്ചനെങ്കിൽ വാഹനം പിടിച്ചെടുക്കും, നടപടി ശക്തമാക്കി അബുദാബി. സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ ടയറുകളുമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കും. ചൂടു കാലമായതിനാൽ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. വേനൽക്കാലത്ത് ടയർപൊട്ടിയുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യാത്ര പുറപ്പെടുന്നതിനു മുൻപ് ടയറുകളുടെ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണം. ടയറുകളിലെ വായു മർദം കുറയുകയും കൂടുകയും ചെയ്താലും അപകടമുണ്ടാകും. ടയറിന്റെ കേടുപാട്, വിള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ യാത്ര പുറപ്പെടാവൂ. രണ്ടാഴ്ചയിൽ ഒരിക്കൽ ടയറിലെ വായു പരിശോധിക്കണം. വാഹനം പതിവായി ഉപയോഗിക്കാത്തവർ മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കണം.