യുഡിഎഫ് വിജയം 11005 വോട്ടുകൾക്ക്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയെടുത്തത്.
   
എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടൻ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു.