തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് ബി ജെ പി നേതാവ് വി മുരളീധരൻ. വി വി രാജേഷിന് വേണ്ടി ഇടപെട്ടെന്ന മാധ്യമ വാർത്തകൾ തള്ളിക്കൊണ്ട് മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രംഗത്തെത്തിയത്. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നാണ് മുരളീധരന്റെ പക്ഷം. തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ആരുടെയും പേര് പറയുകയോ ആരെയും എതിർക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരൻ വിശദീകരിച്ചു. ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ലെന്നും അഭിപ്രായപ്പെട്ട മുരളീധരൻ, നിയുക്ത മേയർ വി വി രാജേഷിനും ഡെപ്യൂട്ടി മേയർ ആശാനാഥിനും ആശംസകളും നേർന്നു.