റാഞ്ചി: 80 കോടിയിലേറെ വില വരുന്ന 1.2 കിലോ പാമ്പിൻ വിഷവുമായി മൂന്ന് പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ പാലമു കടുവ സങ്കേതത്തിൽ നിന്നുള്ള സംഘവും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അച്ഛനും മകനും അടക്കം മൂന്ന് പേർ അറസ്റ്റിലായത്. പ്രാദേശികമായി ശേഖരിച്ചതാണ് 1.2 കിലോ ഭാരം വരുന്ന പാമ്പിൻ വിഷമെന്നാണ് അധികൃതർ വിശദമാക്കുന്നത്. കള്ളക്കടത്ത് ലക്ഷ്യമിട്ടായിരുന്നു പാമ്പിൻ വിഷം ശേഖരിച്ചത്. ഇവരിൽ നിന്ന് 2.5 കിലോ ഗ്രാം ഭാരമുള്ള ഈനാംപേച്ചിയുടെ ചെതുമ്പലുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് പിടിച്ചെടുത്ത വിഷം ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.