കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് തള്ളിയത്. ഹർജിക്കാരന് ദുരന്തത്തിൽ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി പരിഗണിച്ചിട്ടില്ല. ആധവിന്‍റെ ഹർജി ഇന്ന് പരിഗണിക്കില്ല.ടിവികെ അഭിഭാഷകർ എത്തിയത് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടി മാത്രമാണ്. ധനസഹായം വർധിപ്പിക്കണം എന്നുള്ള ഹർജികളിൽ കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. ടിവികെ നാമക്കൽ ജില്ലാ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പൊതുമുതൽ നശിപ്പിച്ച കേസിൽ ആണ് നടപടി.
കോടതി ടിവികെയെ വിമർശിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ ആരാണ് നിയന്ത്രിക്കേണ്ടത് എന്നും കോടതി ആരാഞ്ഞു. തമിഴ്നാട് സർക്കാരിനെയും വിമർശിച്ചു. പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു.