തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷത്തിൽ മികച്ച വികസനമാണ് അടിസ്ഥാനതലത്തിലും അക്കാദമിക തലത്തിലും നടന്നത്. 200 കോടി രൂപയുടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ, നാലുവർഷ ബിരുദം, ഉന്നത നിലവാരത്തിലുള്ള ഗവേഷണ പുരസ്ക്കാരങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ നടപ്പിലാക്കാനായി. മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിന്റെയാകെ വിദ്യാഭ്യാസ പുരോഗതിയിൽ സമാനതകളില്ലാത്ത സ്ഥാനം വഹിക്കുന്ന ഒരു മാതൃകാ കലാലയമാണ് മാർ ഇവാനിയോസ് കോളേജ്. 1949-ൽ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് സ്ഥാപിച്ച ഈ കലാലയം, സ്വതന്ത്രമായ അറിവിനെക്കുറിച്ചും ഭയമില്ലാത്ത മനസ്സിനെക്കുറിച്ചും സ്വപ്നം കണ്ട ശാന്തിനികേതനിലെ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപീകൃതമായത്. 145 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ കലാലയം ഇന്ന് കേരളത്തിലെ മികവുറ്റ ബൃഹത് കലാലയങ്ങളിൽ ഒന്നാണ്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ മികവുള്ളവരാക്കി മാറ്റുന്നതിനൊപ്പം ജീവിതപാഠങ്ങളും സാമൂഹ്യ ഉത്തരവാദിത്വവും ഇവിടെ പകർന്നു നൽകുന്നു.
സംസ്ഥാനത്തെ സർവ്വകലാശാലകളും കോളേജുകളും ദേശീയ റാങ്കിങ്ങിൽ നേട്ടം കൈവരിക്കുന്നതിൽ മാർ ഇവാനിയോസ് കോളേജ് പോലെയുള്ള സ്ഥാപനങ്ങളുടെ സംഭാവന വലുതാണ്. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച 100 കോളേജുകളിൽ 36-ാം സ്ഥാനത്താണ് ഈ കോളേജ്. 1999-ൽ NAAC അക്രഡിറ്റേഷൻ നേടിയ കോളേജ്, 2019-ൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി. 2014-ൽ സ്വയംഭരണ പദവി ലഭിച്ച കലാലയം പഠന നിലവാരം മെച്ചപ്പെടുത്താൻ മറ്റ് സ്ഥാപനങ്ങളെ കൂടി സഹായിക്കുന്നുണ്ട്. ഭരണാധികാരികൾ, പാർലമെന്ററി രംഗത്തെ പ്രഗത്ഭർ, സാമൂഹിക-സാംസ്കാരിക-കായിക മേഖലകളിൽ മുദ്ര പതിപ്പിച്ചവർ എന്നിങ്ങനെ നാടിനും ലോകത്തിനും ഉപകരിക്കുന്ന ഒട്ടേറെ വ്യക്തിത്വങ്ങളെ മാർ ഇവാനിയോസ് ക്യാമ്പസ് വാർത്തെടുത്തിട്ടുണ്ട്.