കുറഞ്ഞ സമയംകൊണ്ടു കൂടുതൽ മഴ പെയ്താൽ എന്തുണ്ടാവുമെന്ന് ഇനിയും നമുക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല. ഒരൊറ്റ കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നതു പുതിയ വാർത്തയുമല്ല. കൊച്ചിയും തിരുവനന്തപുരവുമടക്കമുള്ള വലിയ നഗരങ്ങളെ മഴ തോൽപിച്ചുകൊണ്ടിരിക്കുന്നതും ജനം നരകയാതന അനുഭവിക്കുന്നതും സമീപകാലത്തായി പലപ്പോഴും കേരളം കണ്ടതാണ്. എന്നിട്ടും നാം പഠിക്കാത്തതെന്ത് എന്ന ചോദ്യത്തിനുമാത്രമാണ് ഇനി പ്രസക്തി. കാരണം, മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിലേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുള്ളൂ എന്ന അടിസ്ഥാനപാഠം മറന്നതിന്റെ കഠിനശിക്ഷയാണു നാം അനുഭവിക്കുന്നത്. കൊച്ചി നഗരമപ്പാടെ വെള്ളക്കെട്ടിലാവുന്നത് പ്രത്യേകിച്ചൊന്നും ചെയ്യാതെ കണ്ടിരുന്ന അധികൃതരുടെ നിസ്സംഗത കൂടിയായപ്പോൾ ഇത്തവണ ദുരന്തം പൂർത്തിയാവുകയും ചെയ്തു. ചൊവ്വാഴ്ച പെയ്ത കനത്തമഴയിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലും എറണാകുളത്തുമുണ്ടായ വെള്ളക്കെട്ടിലാണു ജനം കൊടുംദുരിതത്തിലായത്. രാവിലെ രണ്ടു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ കൊച്ചിയും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുകയായിരുന്നു. കളമശേരിയിൽ മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണു പെയ്തത്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും കാര്യമായ നാശനഷ്ടങ്ങളുമുണ്ടായി. തിരുവനന്തപുരം നഗരമടക്കം വെള്ളക്കെട്ടിന്റെ കാഠിന്യം അനുഭവിച്ചു. കനത്ത മഴയിൽ ഇന്നലെയും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലുണ്ടായ വെള്ളക്കെട്ടിൽ ജനം വലഞ്ഞു.കേരളത്തിലെ മഴ ഇടയ്ക്കിടെ രൗദ്രഭാവം കാണിക്കുന്നതും അതിന്റെ വിനാശഫലങ്ങൾ നാം അനുഭവിക്കേണ്ടിവരുന്നതും അതീവ ഗൗരവത്തോടെവേണം കാണേണ്ടതെന്നു വീണ്ടും ഓർമിപ്പിക്കുന്നതായി ഈ കൊടുംമഴക്കലി. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ വലിയ നഗരങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളാണ്. നഗരങ്ങളിലെ പ്രധാന തോടുകൾ, നദികൾ എന്നിവയിലെ നീരൊഴുക്ക് സുഗമമാക്കാൻ കൃത്യമായ സംരക്ഷണ നടപടികൾ, സമഗ്രമായ മാസ്റ്റർ പ്ലാനുകൾ, ഓടകളുടെ ശുചീകരണം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ കൃത്യമായ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ.