കാലവർഷത്തിനുമുൻപേ മാലിന്യനിർമാർജനവും ഓടശുചീകരണവും അതുവഴിയുള്ള രോഗപ്രതിരോധവും യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർമുതൽ പഞ്ചായത്തുവരെയുള്ള സംവിധാനങ്ങൾ നിറവേറ്റണം എന്നതാണു കീഴ്‌വഴക്കം. ഇത്തവണയും അതൊന്നും ഫലപ്രദമായി നടക്കാത്തതുകൊണ്ടാണ് ഒരൊറ്റ മഴയ്ക്കുപോലും നമ്മുടെ പല നഗരങ്ങളെയും വെള്ളക്കെട്ടുകൊണ്ടു തോൽപിക്കാനാവുന്നത്. ഇപ്പോൾതന്നെ പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ നമ്മെ കീഴ്പ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൊച്ചിയും തിരുവനന്തപുരവുമടക്കം കനത്ത വെള്ളക്കെട്ടിലാവുകയും ജനജീവിതം ബുദ്ധിമുട്ടിലാവുകയും ചെയ്തു. മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിൽ മാത്രമേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുണ്ടാവൂ. വേണ്ടത്ര ജലനിർഗമന മാർഗങ്ങൾ ഇല്ലാതെയും ഓടകൾ അടഞ്ഞുകിടന്നും നാം വെള്ളക്കെട്ട് ക്ഷണിച്ചുവരുത്തുകയാണ്.
നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷണം നടക്കുന്നില്ല. കാനകളും അഴുക്കുചാലുകളും മഴയ്‌ക്കു മുൻപു വൃത്തിയാക്കേണ്ട അധികൃതർ അതു ചെയ്യാത്തതുകൊണ്ട് ഓടകൾ നിറഞ്ഞു റോഡ് കുളമാകുന്നു. ഓടകൾ പോലുമില്ലാത്തയിടങ്ങളും കുറവല്ല. തുറന്നുകിടക്കുന്ന ഓടകൾ മഴക്കാലത്തു ചതിക്കുഴികളാകുന്ന ദുരന്താനുഭവങ്ങളും നമുക്കുണ്ട്.