അത്താഴം കഴിച്ചശേഷം മധുരമോ ലഘുഭക്ഷണങ്ങളോ കഴിക്കാൻ തോന്നാറുണ്ടോ. ഒരു പത്തുമിനിറ്റ് നടന്നാൽ ഈ തോന്നൽ ഇല്ലാതാകും. നടത്തം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പെട്ടെന്നുണ്ടാകുന്ന വിശപ്പിനെ തടയുകയും ചെയ്യും. ഭക്ഷണം കഴിച്ചശേഷമുള്ള ചെറുനടത്തം ശരീരത്തിലെ ഇൻസുലിൻ പ്രതികരണത്തെ കുറയ്ക്കുകയും ഏറെ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അർധരാത്രിയിലുള്ള അനാവശ്യമായ ലഘുഭക്ഷണം കഴിക്കൽ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
   
ഭക്ഷണം ധാരാളം കഴിച്ചശേഷം പ്രത്യേകിച്ച് രാത്രിയിൽ കഴിച്ചശേഷം മിക്കവർക്കും അസിഡിറ്റിയോ വയറു കമ്പിക്കലോ (bloating) ഉണ്ടാകാറുണ്ട്. അത്താഴം കഴിച്ചശേഷം നടക്കുന്നത് വയറു വേഗത്തിൽ കാലിയാകാൻ സഹായിക്കും. ഇത് ആസിഡ് റിഫ്ലക്സിനും ബ്ലോട്ടിങ്ങിനും ഉള്ള സാധ്യത കുറയ്ക്കും. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നതിനു പകരം ചെറുതായി നടക്കുന്നത് നെഞ്ചെരിച്ചിൽ തടയുകയും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കുകയും ചെയ്യും.