നായകന്റെ പിന്നിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളില്‍ നിന്നും നായകസ്ഥാനത്തേക്ക് കയറി നില്‍ക്കുകയാണ് സന്ദീപ് പ്രദീപ് (Sandeep Pradeep). ഫാലിമിയിലും ആലപ്പുഴ ജിംഖാനയിലുമെല്ലാം നല്ല നടനെന്ന് തോന്നിപ്പിച്ച സന്ദീപ് പടക്കളത്തിലൂടെയാണ് നായകനാകുന്നത്. നായകനായുള്ള ആദ്യ സിനിമ സന്ദീപ് ഒട്ടും മോശമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയ സന്ദീപിലെ 'ഹീറോ മെറ്റീരിയല്‍' അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. തിയറ്റര്‍ റിലീസില്‍ തന്നെ അംഗീകരിക്കപ്പെട്ട പടക്കളം ഒടിടിയിലേക്ക് എത്തിയതോടെ കൂടുതല്‍ സ്വീകാര്യത നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെങ്ങും സന്ദീപാണ് താരം. തന്റെ സിനിമ യാത്രയെക്കുറിച്ചും പടക്കളത്തിന്റെ വിജയത്തെക്കുറിച്ചുമൊക്കെ സമകാലിക മലയാളത്തോട് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്.
   
ഇപ്പോഴത്തെ എന്റെ സ്റ്റേജില്‍ സിനിമയില്‍ നിലനില്ക്കുക എന്നതിനാണ് പ്രാധാന്യം. സിനിമയിലേക്ക് വന്നു, ഇങ്ങനൊരു ബ്രേക്ക് കിട്ടി. അത് നിലനിര്‍ത്തിക്കൊണ്ടു പോകാനാകണം. നല്ല തിരക്കഥയുടേയും സിനിമകളുടേയും ഭാഗമാകാനാകും ശ്രമം. നല്ലൊരു സ്റ്റോറി ടെല്ലറാവുക. നല്ല കഥപറച്ചിലുകളുടെ ഭാഗമാവുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം എന്ന് സന്ദീപ് പറയുന്നു.