മലയാള സിനിമയുടെ അതുല്യ പ്രതിഭയും പ്രേക്ഷകരുടെ പ്രിയങ്കരിയുമായ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്. അഭിനയത്തിൽ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയ മഞ്ജുവിൻ്റെ ഓരോ കഥാപാത്രവും പകരം വെക്കാനില്ലാത്ത ഒരത്ഭുതമാണ്.1995-ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ‘സല്ലാപം’ എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രമാണ് മഞ്ജുവിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. പിന്നീട് ‘ഈ പുഴയും കടന്ന്’, ‘തൂവൽക്കൊട്ടാരം’, ‘ആറാം തമ്പുരാൻ’, ‘കന്മദം’, ‘സമ്മർ ഇൻ ബത്‌ലഹേം’ തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളിലൂടെ മഞ്ജു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ അവർ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ തന്റേതായൊരിടം ഉറപ്പിച്ചു.
    ‘റാണി പത്മിനി’ യിലെ റാണി, ‘കെയർ ഓഫ് സൈറാ ബാനു’വിലെ സൈറ, ‘ഉദാഹരണം സുജാത’യിലെ സുജാത, ‘പ്രതി പൂവൻകോഴി’യിലെ മാധുരി, ‘ആയിഷ’ യിലെ ആയിഷ എന്നിങ്ങനെ ഓരോ കഥാപാത്രവും മഞ്ജു എന്ന അഭിനേത്രിയുടെ റേഞ്ച് മലയാളികൾക്ക് മുന്നിൽ കാണിച്ചുതന്നു. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയായി ‘ആമി’ എന്ന ചിത്രത്തിലെ മഞ്ജുവിൻ്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ലൂസിഫർ’ പോലുള്ള ഒരു മാസ്സ് ചിത്രത്തിലെ പ്രിയദർശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രവും മഞ്ജു അനായാസം കൈകാര്യം ചെയ്തു.