ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന “അമ്മ” തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. ഒരു വനിതാ പ്രസിഡന്റ് സംഘടനയുടെ തലപ്പത്ത് വരുന്നത് സ്വാഗതാർഹമാണെന്ന് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ഈ വിഷയത്തിൽ ജഗദീഷ് ചർച്ചകൾ നടത്തുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ താൻ പിന്മാറാൻ തയ്യാറാണെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്.
   
തുടർച്ചയായി ഏഴ് വർഷം പ്രസിഡന്റ് സ്ഥാനത്തിരുന്ന മോഹൻലാൽ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് “അമ്മ” തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് സംഘടനയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ്. ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ “അമ്മ”യുടെ പ്രധാന നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായിരിക്കും.