ഏറെ നാളായി പുകഞ്ഞിരുന്ന ഭിന്നത വ്യാഴാഴ്ച പൊട്ടിത്തെറിയിലെത്തി. മസ്കിന് നികുതി ഉളവുകള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയാണ് ഇതില്‍ പ്രധാനം. ട്രംപ് സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്കാര, ബജറ്റ് ബില്ലുകളോടുള്ള മസ്കിന്റെ എതിര്‍പ്പാണ് ഭിന്നത രൂക്ഷമാക്കിയത്.ട്രംപ് ഭരണകൂട നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചിരുന്ന മസ്ക് വ്യാഴാഴ്ച ആക്രമണം ട്രംപിലേക്ക് തിരിക്കുയും ചെയ്തു. ലൈംഗിക പീഡനകേസില്‍ 2019-ല്‍ ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ധനകാര്യ വിദഗ്ദ്ധന് ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസ്കിന്റെ ഏറ്റവും വലിയ പുതിയ ആരോപണം. എപ്സ്റ്റീന് ഫയലുകള്‍ പുറത്തുവരാത്തത് ട്രംപിന്റെ പേരുള്ളതിനാല്‍ ആണെന്നും മസ്ക് കുറ്റപ്പെടുത്തി.
    എക്സ് പോസ്റ്റിലായിരുന്നു മസ്കിന്റെ പ്രതികരണം.അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന സാമൂഹ്യമാധ്യമ പോസ്റ്റിന് താഴെ യെസ് എന്നും മസ്ക് കുറിച്ചു. മിസ്റ്റര്‍ ട്രംപിനെ ഇംപീച്ച് ചെയ്ത് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പകരം വയ്ക്കണമെന്ന് പറയുന്ന പോസ്റ്റിനാണ് മസ്ക് പിന്തുണ അറിയിച്ചത്. മസ്ക് നിലപാട് കടുപ്പിച്ചതോടെ ട്രംപും അതേ നാണയത്തില്‍ തിരിച്ചടിച്ചു. മസ്കിനെതിരെ നേരത്തെ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് ട്രംപിന്റെ പുതിയ നിലപാട്. മസ്കിന് എതിരെ നടപടിയെടുക്കാന്‍ തനിക്ക് മടിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.