പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
    പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണമെന്ന് അദേഹം നിർദേശിച്ചു.അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം.