ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റുമാണ്. നടന്റെ പുതിയ സിനിമയായ 'തഗ്' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിന്റെ പേരിനോട് സാമ്യം ഉണ്ടാകുകയും, ചിത്രത്തിന്റെ റിലീസ് ഡേറ്റിനോട് ചേര്‍ന്ന് തന്നെ ധ്യാൻ ചിത്രത്തിന്റെ റിലീസ് വെക്കുകയും ചെയ്തതോടെയാണ് സംഭവം ട്രെൻഡിങ്ങായത്.
    ഇപ്പോഴിതാ കമൽ ഹാസനുമായുള്ള ക്ലാഷിനെക്കുറിച്ച് മനസുതുറക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. കുറച്ച് സീനുകളിൽ മാത്രമാണ് ആ സിനിമയിൽ താനുള്ളതെന്നും തന്റെ സുഹൃത്തിന്റെ സിനിമയായതിനാൽ പോയി അഭിനയിച്ചതാണെന്നും ധ്യാൻ പറഞ്ഞു. 'എന്റെ ഒരു സുഹൃത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് തഗ്. അവനാണ് അതിലെ നായകനും. അര ദിവസത്തേക്ക് ഒരു വർക്ക് ഉണ്ട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചെയ്ത വർക്ക് ആണ്. ഞാൻ ആ സിനിമയിൽ ഒന്നോ രണ്ടോ സീനിലെ ഉള്ളു.', ധ്യാൻ പറഞ്ഞു. കമൽ ഹാസനുമായി ക്ലാഷ് വെക്കാൻ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചപ്പോൾ 'ആ ധൈര്യം എനിക്ക് ജനിച്ചപ്പോൾ മുതൽ ഉണ്ട്' എന്ന് തമാശ കലർന്ന മറുപടിയാണ് ധ്യാൻ നല്‍കിയത്.