മുന്‍ റയല്‍, സ്പെയിന് താരവും നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ബയര്‍ ലെവര്കൂസന് കോച്ചുമായ ഷാബി ആലോണ്സോ റയലിന്റെ പുതിയ പരിശീലകനാകും. അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഷാബിയുടെ തന്ത്രത്തിലായിരിക്കും റയല്‍ കളിക്കുക. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഷാബി റയല്‍ പരിശീലകനാകുന്നത്.
    കഴിഞ്ഞ ദിവസം ഷാബി താന്‍ ബയര്‍ ലെവര്കൂസന് പടി ഇറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തുടരെ 11 സീസണുകളായി കിരീടം ഉയര്‍ത്തിയ അതികായരായ ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിനു കടിഞ്ഞാണിട്ട് ലെവര്‍കൂസനെ ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കാന്‍ ഷാബിക്ക് സാധിച്ചിരുന്നു. അതും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അവര്‍ കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത്. ഇത്തവണ കിരീടം ബയേണ്‍ തിരിച്ചു പിടിച്ചെങ്കിലും ലെവര്കൂസന് രണ്ടാം സ്ഥാനത്തുണ്ട്.