ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബിഎസ്എഫുമായി ഏറ്റുമുട്ടിയത്.
    അതേസമയം വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ ഷെല്ലാക്രമണം തുടരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി പാകിസ്താന് ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കി. ജയ്സാല്മറില് ഇന്ത്യന്‍ വ്യോമ പ്രതിരോധം പാക് ഡ്രോണുകള്‍ തടഞ്ഞു.