ആണവകേന്ദ്രങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍. ഇറാനെതിരെ യുദ്ധം തുടങ്ങുമ്പോള്‍ ആക്രമണലക്ഷ്യമായി ഇസ്രായേലും യുഎസും ചൂണ്ടിക്കാട്ടിയത് ഇവയായിരുന്നു. എന്നാല്‍, പറഞ്ഞതുപോലായിരുന്നില്ല ആക്രമണദിശ. തുടക്കം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ആദ്യദിവസം മിനാബിലെ സ്‌കൂളിനു നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ അടക്കം 175 പേരായിരുന്നു. ലോകത്തെ ഞെട്ടിച്ച ആ ആക്രമണത്തിനു പിന്നാലെ പല സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണം നടന്നു. എന്നാലിപ്പോള്‍, സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമാണ് പുതിയ യുദ്ധമുഖം. ഇസ്രായേലാണ്, സര്‍വകലാശാലകളെ തുടര്‍ച്ചയായി ആക്രമിക്കുന്നത്. ഇതിനുപകരമായി ഗള്‍ഫില്‍ അമേരിക്കന്‍-ഇസ്രായേല്‍ അഫിലിയേഷനുള്ള കാമ്പസുകള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയാണ് ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.