സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കുന്ന ‘കറുപ്പ്’ എന്ന തമിഴ് സിനിമയിലെ ലിറിക്കൽ വിഡിയോ പുറത്തുവരുമ്പോൾ മലയാളി താരം സ്വാസികയാണ് കയ്യടി നേടുന്നത്. ‘നാങ്ക നാല് പേര്’ എന്ന ലിറിക്കൽ വിഡിയോയിൽ കലക്കൻ ഡാൻസുമായാണ് സ്വാസിക എത്തുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കളർഫുൾ കോസ്റ്റ്യൂമിലാണ് സ്വാസികയുടെ എനർജെറ്റിക് പെർഫോമൻസ്. ഏതാനും സെക്കൻഡുകൾ മാത്രമേ സ്വാസിക ലിറിക്കൽ വിഡിയോയിൽ ഉള്ളൂവെങ്കിലും താരത്തിന്റെ പ്രകടനം ആരാധകർ ആഘോഷമാക്കുകയാണ്. സ്വാസിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ശകലത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിഡിയോയിൽ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ‘കറുപ്പ്’ സിനിമയിലെ ‘നാങ്ക നാല് പേര്’ എന്നു തുടങ്ങുന്ന ഗാനം റിലീസായത്. സായ് അഭ്യങ്കർ സംഗീതമൊരുക്കിയ ഗാനം പാടിയിരിക്കുന്നത് ചിമ്പുവും സായ്യും അസൽ കോളാറും ചേർന്നാണ്.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കറുപ്പി’ൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
2009ൽ പുറത്തിറങ്ങിയ ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാലോകത്ത് എത്തുന്നത്. 2010ൽ ‘ഫിഡിൽ’ എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു. ആ വർഷം തന്നെ ‘ഗോരിപാളയം’ എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ മലയാള സിനിമകളിൽ ചിലത്. വിവിധ ടെലിവിഷൻ റിയാലിറ്റി ഷോകളിലും സ്വാസിക തിളങ്ങിയിട്ടുണ്ട്. ‘വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾക്കും ഡാൻസ് റീലുകൾക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്.