ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആർത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകും. "തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും," എന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. ബോധവൽക്കരണവും നിയമപരമായ നിർബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. ആർത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹർജിക്കാരന്‍റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.