ശ്രീലങ്കൻ യാത്രാ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ. മാതാപിതാക്കൾ ക്കൊപ്പമായിരുന്നു റിമയുടെ യാത്ര. യുനെസ്‌കോയുടെ ചരിത്ര സ്മാരകത്തിൽ ഇടം പിടിച്ച ഇടമാണ് സിഗിരിയ. മനോഹരമായ ഭൂപ്രകൃതിയും അതിശയകരവുമായ സിഗിരിയ എന്ന ശ്രീലങ്കയിലെ അദ്ഭുതത്തെക്കുറിച്ച് കൂടുതൽ അറിയാം.സിഗിരിയ ശ്രീലങ്കയിലെ മതാലെ ജില്ലയിലെ ദംബുള്ള ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടു വരെ ഇവിടെ ബുദ്ധസന്യാസിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് ശ്രീലങ്കയുടെ ടൂറിസം ഭൂപടത്തിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നാണിവിടം. ഒരുകാലത്തിന്റെ ഓർമപ്പെടുത്തലാണ് സിഗിരിയ. കാലത്തെ കുറച്ചെങ്കിലും അവശേഷിപ്പിക്കുന്ന കോട്ടകളും കൊത്തളങ്ങളും ബുദ്ധ വിഹാര കേന്ദ്രങ്ങളും ഇവിടം സവിശേഷമാക്കുന്നു. അജന്തയിലെ ഗുഹാചിത്രങ്ങളെ ഓർമിപ്പിക്കുന്ന മനോഹരമായ പൗരാണിക ചിത്രങ്ങളുടെ ഒരു സൂക്ഷിപ്പ് ഇവിടെയുണ്ട്. ലോകത്തെ എട്ടാമത്തെ അദ്ഭുതം എന്ന വിശേഷണമുള്ളയിടമാണിത്.
    നൂറ്റാണ്ടുകള്‍ക്കു മുൻപ് വളരെ അത്യാഡംബരത്തോടുകൂടി നിർമിച്ചിട്ടുള്ള കൊട്ടാരം ആണിതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. സ്വര്‍ണത്താല്‍ നിര്‍മിതമായ ഈ കൊട്ടാരത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. ആയിരം പടവുകളുണ്ട് കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിക്കാൻ. ഇവിടുത്തെ മറ്റൊരു പ്രത്യേകത രാജാവിനും അദ്ദേഹത്തിന്റെ സന്ദർശകർക്കും വേണ്ടി ലിഫ്റ്റുകൾ സജ്ജീകരിച്ചിരുന്നു എന്നതാണ്. എന്നാൽ ഈ കൊട്ടാരം രാവണന്റേതല്ല മറിച്ച് കശ്യപരാജാവിന്റേതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.ബ്രിട്ടീഷുകാരാണ് സിഗിരിയ കണ്ടെത്തി പുനരുദ്ധരിക്കുന്നത്. പാറയുടെ വശങ്ങളിലുള്ള പടികളിലൂടെ മുകളിലേക്കുള്ള കയറ്റം ഏതൊരു ധൈര്യശാലിയുടേയും മനസ്സൊന്നുലയ്ക്കും.