പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെ അണിനിരത്തി വിപിൻദാസ് സംവിധാനം ചെയ്യുന്ന "സന്തോഷ് ട്രോഫി"യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും.ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിരുവല്ലയിൽ വച്ച് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരിക എന്നതും സന്തോഷ് ട്രോഫിയുടെ ഒരു ലക്ഷ്യമാണ്. ഇതിനായി ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുകയാണ്. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്.