സാംസങ് ഗാലക്‌സി എസ് 26 അൾട്ര ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. ഈ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്‌ഫോൺ, സാംസങ് ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26+ എന്നീ മോഡലുകളോടൊപ്പമാണ് പുറത്തിറക്കിയത്. പ്രീമിയം ഡിസൈൻ, മെച്ചപ്പെടുത്തിയ കരുത്ത്, അത്യാധുനിക എഐ സവിശേഷതകൾ എന്നിവയോടെയാണ് ഗാലക്‌സി S26 അൾട്ര വിപണിയിൽ എത്തുന്നത്.6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയോടെയാണ് ഈ ഫോൺ എത്തുന്നത്. 3120 × 1440 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉൾക്കൊള്ളുന്ന ഈ സ്‌ക്രീൻ 10-ബിറ്റ് കളർ സപ്പോർട്ട് നൽകുന്നു. പുതിയ പ്രൈവസി ഡിസ്പ്ലേ ഫീച്ചർ 30 ഡിഗ്രിക്ക് മുകളിലുള്ള കോണുകളിൽ നിന്ന് സ്‌ക്രീൻ കാണുന്നത് നിയന്ത്രിക്കുന്നു. കോർണിംഗ് ഗൊറില്ല ആർമ്മർ 2 സംരക്ഷണ ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനും 25W വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എസ് 26 അൾട്രയിൽ ഉള്ളത്. 163.6 × 78.1 × 7.9 എംഎം അളവുകളും 214 ഗ്രാം ഭാരവുമുള്ള ഈ ഹാൻഡ്‌സെറ്റ് ഇന്നുവരെയുള്ള സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ അൾട്രാ മോഡലാണ്.
സ്‍നാപ്‍ ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. പരമാവധി 16GB റാം, 1 ടിബി സ്റ്റോറേജ് എന്നിവ ലഭ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വൺ യുഐ 8.5 സോഫ്റ്റ്‌വെയറോടെയാണ് ഈ സ്‍മാർട്ട്ഫോൺ എത്തുന്നത്. ക്യാമറ വിഭാഗത്തിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് പ്രധാന ആകർഷണം. കൂടാതെ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ (5x ഒപ്റ്റിക്കൽ സൂം), 50MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ (3x സൂം) എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. 8K വീഡിയോ റെക്കോർഡിംഗ്, HDR10+ സപ്പോർട്ട് എന്നിവയും ലഭ്യമാണ്. മുൻവശത്ത് 12MP സെൽഫി ക്യാമറയും 4K വീഡിയോ റെക്കോർഡിംഗും ഉൾപ്പെടുന്നു. ഗ്യാലക്സി എഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൌ അസിസ്റ്റ്, കോൾ സ്ക്രീൻ, ഫോട്ടോ അസിസ്റ്റ്, ക്രിയേറ്റീവ് സ്റ്റുഡിയോ, പ്രൈവസി അലേർട്‍സ് തുടങ്ങിയ ഫീച്ചറുകൾ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു.