ചെന്നൈ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ 59 പന്തില്‍ 97 റണ്‍സുമായി സിംബാബ്‌വെയുടെ ടോപ് സ്കോററായത് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്രായിരുന്നു. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ജസ്പ്രീത് ബുമ്രയുടെ മരണ യോർക്കറിൽ ബൗൾഡാകേണ്ടതായിരുന്നെങ്കിലും 'ഫുട്ബോൾ' സ്കിൽ ഉപയോഗിച്ചാണ് ബെന്നറ്റ് വിക്കറ്റ് കാത്തത്.ഇന്ത്യ ഉയർത്തിയ 257 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരവെ അഞ്ചാം ഓവറിലായിരുന്നു നാടകീയ രക്ഷപ്പെടല്‍. ബുമ്ര എറിഞ്ഞ ഓവറിലെ അവസാന പന്ത് മിഡിൽ സ്റ്റമ്പ് ലക്ഷ്യമാക്കി മൂളിപ്പറന്നുവന്നൊരു യോർക്കറായിരുന്നു. പന്ത് കഷ്ടപ്പെട്ട് പ്രതിരോധിച്ചെങ്കിലും അത് ബൗണ്‍സ് ചെയ്ത് തിരികെ വിക്കറ്റിലേക്ക് വീഴുമെന്ന ഘട്ടത്തില്‍ അതിവേഗം തിരിഞ്ഞ ബെന്നറ്റ് തന്‍റെ വലതുകാലുകൊണ്ട് പന്ത് തട്ടിത്തെറിപ്പിച്ചു. ബെന്നറ്റിന്‍റെ ഈ കൃത്യസമയത്തുള്ള ഇടപെടലും ചടുലമായ നീക്കവും ആരാധകരെയും കമന്‍റേറ്റർമാരെയും ഒരുപോലെ അമ്പരപ്പിച്ചു.