അമൃത്സർ: പഞ്ചാബിൽ വീണ്ടും പട്ടാപ്പകൽ വെടിവയ്പ്. രണ്ട് മാസം മുൻപ് വിവാഹിതയായ യുവതിക്ക് നേരെയാണ് പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഞ്ചാബിലെ അതിർത്തി നഗരമായ പറ്റിയിൽ ആണ് നടുറോഡിൽ വച്ച് 23കാരിക്ക് വെടിയേറ്റത്. താരൻ തരാനിൽ വെടിവയ്പ് നടന്നതിന് പിന്നാലെയാണ് പറ്റിയിലെ ഈ സംഭവം.സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നതാണ് നിലവിലെ സംഭവം.23 വയസ്സുകാരിയായ റൂബി മെഹ്റയ്ക്കാണ് വെടിയേറ്റത്. 2 മാസം മുൻപായിരുന്നു റൂബി അൻഷ് ഗ്രോവറിനെ വിവാഹം കഴിച്ചത്. ശനിയാഴ്ച വൈകുന്നേരം പറ്റിയിലെ ഗാർഡൻ കോളനിയിലുള്ള ഇവരുടെ വീടിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഫെബ്രുവരി 21-നാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീടിന് പുറത്തേക്ക് ഇറങ്ങിയ ദമ്പതികളുടെ ഇരുചക്രവാഹനത്തിന് മുന്നിൽ യുവാവ് ബൈക്കുമായി എത്തി. ഇതിന് ശേഷം റൂബിയുടെ ഭർത്താവിനെ മർദ്ദിക്കാൻ ശ്രമിക്കുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് യുവാവ് വെടിയുതിർത്തത്. രണ്ട് തവണയാണ് യുവതിയുടെ തലയ്ക്ക് വെടിയേറ്റത്. റൂബി വെടിയേറ്റ് വീണതോടെ യുവാവ് ഇരുചക്രവാഹനത്തിൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നു.
വീടിൻ്റെ ഗേറ്റിന് സമീപം വെച്ച് അപരിചിതനായ ഒരാൾ റൂബിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് റൂബിയുടെ മുത്തശ്ശി റീനു ബാല പറഞ്ഞു. കുടുംബം ആകെ ഞെട്ടലിലാണെന്നും അവർ കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടൻതന്നെ പറ്റിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്, നില വഷളായതിനെ തുടർന്ന് അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വിശദമാക്കുന്നത്.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പറ്റി സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കൻവൽജിത് റായ് സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്.