ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ രണ്ടാമെത്ത ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടി മലയാളി. അബുദാബിയിൽ താമസിക്കുന്ന നിബിൻ കെ. മാത്യുവാണ് വിജയി. ആറു വർഷമായി പ്രവാസിയായ നിബിൻ, എൻജിനീയറാണ്. സുഹൃത്തുക്കളായ 20 പേർക്കൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് നിബിൻ സമ്മാനം നേടിയത്.“വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ സന്തോഷംകൊണ്ട് മതിമറന്നുപോയി. ജീവിതത്തിൽ ആദ്യമായാണ് എനിക്ക് ഇതുപോലെ ഒരു വിജയം. തീർച്ചയായും ഇതൊരു പ്രത്യേക അനുഭവമാണ്.” – നിബിൻ പറഞ്ഞു.
സമ്മാനത്തുക കൂട്ടുകാരുമായി പങ്കുവെക്കും. സ്വന്തം പങ്ക് ഉപയോഗിച്ച് കുടുംബത്തിനെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും 36 വയസ്സുകാരനായ നിബിൻ പറയുന്നു.നിബിന് പുറമെ മൂന്നു വിജയികൾകൂടെ ഇ-ഡ്രോയിൽ 50,000 ദിർഹംവീതം നേടി.
പാകിസ്ഥാനിൽ നിന്നുള്ള റിയാസത്ത് ഖാൻ, നേപ്പാളിൽ നിന്നുള്ള ശിവ പ്രസാദ്, ബംഗ്ലാദേശിൽ നിന്നുള്ള ഗ്രിഗറി ഷോമിർ ഗോമെസ് എന്നിവരാണ് വിജയികൾ.
റിയാസത്ത് ഖാൻ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുത്തത്. വളരെ സന്തോഷകരമായ നിമിഷമായിരുന്നു ബിഗ് ടിക്കറ്റ് വിജയമെന്ന് ഖാൻ പറയുന്നു. സമ്മാനത്തുക സംഘത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.