കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാക് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ താരം ബാസിത് അലി. മത്സരത്തിനിടെ പാർട്ട് ടൈം ബൗളർമാരായ തിലക് വർമ്മയെയും റിങ്കു സിംഗിനെയും പരീക്ഷിച്ച സൂര്യകുമാർ യാദവിന്‍റെ നടപടി പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും ബാസിത് അലി തുറന്നടിച്ചു.ഞായറാഴ്ച നടന്ന ആവേശപോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് ബാസിത് അലി പാക് ടീമിനെതിരെ പൊട്ടിത്തെറിച്ചത്.
തിലക് വർമ്മയെയും റിങ്കു സിംഗിനെയും കൊണ്ട് ബൗൾ ചെയ്യിപ്പിച്ചതിലൂടെ സൂര്യകുമാർ യാദവ് പാകിസ്ഥാന്‍റെ മുഖത്തടിക്കുകയാണ് ചെയ്തത്. പാകിസ്ഥാൻ ക്രിക്കറ്റിന് ഇത്ര വിലയേ ഉള്ളൂ എന്നതിന്‍റെ സൂചനയാണിത്. ഹാർദിക് പാണ്ഡ്യയോ ജസ്പ്രീത് ബുമ്രയോ കുൽദീപ് യാദവോ വിക്കറ്റ് വീഴ്ത്തുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, പാർട്ട് ടൈം ബൗളർമാരെ നേരിടാൻ പോലും പാക് ബാറ്റർമാർക്ക് സാധിച്ചില്ല എന്നത് വലിയ നാണക്കേടാണെന്നും ബാസിത് അലി പറഞ്ഞു.പാകിസഥാൻ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ 13-ാം ഓവറിലാണ് സൂര്യകുമാർ യാദവ് തിലക് വർമ്മയെ പന്തെറിയാന്‍ വിളിച്ചത്. തന്‍റെ ആദ്യ പന്തിൽ തന്നെ ഷദാബ് ഖാനെ പുറത്താക്കി തിലക് ലോകകപ്പിലെ ബൗളിംഗ് അരങ്ങേറ്റത്തില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിട്ടിരുന്നു. തിലകിന് പിന്നാലെ റിങ്കു സിംഗിനെയും സൂര്യ ബൗളിംഗില്‍ പരീക്ഷിച്ചു. എന്നാല്‍ റിങ്കുവിന്‍റെ ഓവറിൽപോലും 9 റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്.
മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റ് വീതം നേടി.