തിരുവനന്തപുരം: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കാര്യക്ഷമമായ ഇടപെടലുകളുടെ ഫലമായി കേരളം ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റെ പുരോഗമന മുന്നേറ്റത്തിന് ഏഷ്യാനെറ്റ് ന്യൂസ് സഹായകമായെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. 2016 ൽ അധികാരത്തിൽ വരുമ്പോൾ വ്യവസായങ്ങൾക്ക് അനുയോജ്യമല്ലാത്ത നാട് എന്ന പ്രതിച്ഛായയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. എന്നാൽ എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തിയും, നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകൾ കർക്കശമായി അടിച്ചമർത്തിയും ഈ അന്തരീക്ഷം മാറ്റിയെടുക്കാൻ സർക്കാരിന് സാധിച്ചു. നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ട് വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടികൾ കൂടുതൽ സുതാര്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.