കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. കേന്ദ്രം സാധ്യതാ പഠനം നടത്തമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം.സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം ഈ പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.എയിംസ് കാസര്‍കോട് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ടെ ജനകീയ കൂട്ടായ്മ ഹര്‍ജി നേരത്തെ നൽകിയിരുന്നു. കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അനുയോജ്യമായതാണെന്നും സംസ്ഥാന സര്‍ക്കാരും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സാധ്യതാ പഠനം നടത്താൻ നിര്‍ദേശിച്ചത്.